…ഉറുമ്പുകൾ ഉറങ്ങാറില്ല കാരണം അവരതു നടിക്കുക മാത്രം ചെയ്യുന്നു…
കാലങ്ങളായി ഭദ്രമാക്കി ഒളിപ്പിച്ചു വെച്ച പലതും ഒറ്റരാത്രി കൊണ്ടല്ലെ തകർന്നടിഞ്ഞത്… ഇപ്പോഴോ കഷ്ടപ്പെട്ട് പൂതി വെച്ചതൊക്കെ തപ്പിയെടുക്കണ്ടേ അവസ്ഥയും. നാട്ടിലെ ഉറുമ്പുകൾ പലതും നെട്ടോട്ടമോടുന്നുണ്ടെങ്കിലും കൂടെ ഓടാൻ സാധാരണക്കാരെയും കൂട്ടുപിടിച്ചിട്ടുണ്ട് .ഒറ്റരാത്രി കൊണ്ടു എല്ലാവർക്കും നല്ല ഒരു പണികൊടുത്തിട്ടു നേതാവ് ജപ്പാനിലേക്ക് പോവുകയും ചെയ്തു.ഇല്ലായിരുന്നെങ്കിൽ ഡല്ഹിയിലേക്കോ മറ്റോ ഒരു ജാഥാ നടത്തി കയ്യിലുള്ളതൊക്കെ ചിലവാക്കാമായിരുന്നു. ഇനിയിപ്പോ അതും നടക്കില്ലതാനും.
പണ്ട് ഏതോ സിനിമയിൽ പറഞ്ഞത് പോലെ വിജ്രംഭിച്ചു ഒന്നുമല്ല ഇപ്പൊ നാട്ടിലെ പല ബാങ്കുകളും. ബിവറേജിനെ തോൽപ്പിച്ച് കളയുന്ന തിരക്കല്ലേ ഇപ്പൊ ബാങ്കുകളിൽ. വർഗീയ, രാഷ്ട്രീയ, മതേതര വേർതിരൊന്നുമില്ലാതെ എല്ലാവരും ക്യു നിൽക്കുന്ന കാഴ്ച കാണുമ്പോൾ മോദിജി മഹാബലിയോ എന്നു തോന്നിപോകും . ഇലക്ഷന് കഴിഞ്ഞു നാടുവിട്ട പല സാരഥികളും ഇപ്പോഴല്ലെ പൊങ്ങുന്നത്.ചിലപ്പോ നമ്മളുടെ പിന്നിലോ മുന്നിലോ വന്നുപെട്ടാലോ ഒരു ചോദ്യവും അവരങ്ങു പാസ്സാകും,”അല്ല മാഷേ, ഇലക്ഷന് ശേഷം നമ്മൾ തമ്മിൽ പിന്നെ കണ്ടില്ലലോ, എവിടായിരുന്നു”. ആർബിഐക്കു ഇപ്പോൾ ഒട്ടും നല്ല സമയമല്ലെന്നു തന്നെ പറയാം. ഇന്നുപറയുന്നതാവില്ല നാളെ പറയുന്നത്.കാലക്കേട് എന്നല്ലാതെ എന്തു പറയാനാണ് എന്റെ ഇഷ്ടാ.
നോട്ടുക്ഷാമം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കായി മുറവിളി കൂട്ടാൻ നാട്ടിൽ ഒരുപാടു സാധാരണക്കാരല്ലാത്ത സാധാരണക്കാർ ഇറങ്ങിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ മറ്റും ചെന്നിരുന്നു ശക്തമായ എതിർപ്പു പ്രേകടിപ്പിക്കുന്നുണ്ട് ഈകൂട്ടർ, നല്ലകാര്യം .എന്തുതന്നെയായലും കേന്ദ്ര സർക്കാരിന്റെ നയത്തോടു ഒറ്റകെട്ടായി നിന്നു എതിർക്കാൻ എല്ലാവരും സന്തോഷത്തോടെ തയ്യാറാവുന്നുണ്ട്. കേന്ദ്രത്തിൽ ബിജെപിക്കു ചീത്തവിളിയൊക്കെ കേൾക്കാൻ ആളുള്ളത് കൊണ്ടു കുഴപ്പമില്ല. എന്നാൽ ഇവിടെ സഭയിൽ ഒറ്റക്കു പതിനെട്ടു അടവും പയറ്റേണ്ടി വരും നേമത്തു നിന്നുള്ള ഒറ്റയാൾ നേതാവിന്. രാഹുൽജിയും മറ്റും ബാങ്കിൽ ക്യൂ നിന്നു ചില്ലറ വാങ്ങിയെന്നോ മറ്റോ കേട്ടിരുന്നു. എന്തായാലും ഈ ചില്ലറ മാത്രമേ അങ്ങേരുടെ കൈയിൽ ഉള്ളോ എന്നു ഒരു വിദ്വാനും ചോദിച്ചിലെ ആവോ. ഡൽഹിയിൽ നിന്നുള്ള കെജെർജിയുടെ പ്രതിഷേധങ്ങൾ കാണുമ്പോൾ തോന്നിയ ഒരു വാചകം “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ എന്ന്”. ഇവിടെ കൊച്ചു കേരളത്തിലോ ഇപ്പൊ ഐസക് സാറിനു തിരക്കോടു തിരക്കാണ്. ഒരു വഴിയെ പോയാൽ ട്രോളർമാർ വേറൊരു വഴി പോയാലോ ചാനലുകാർ.ഇനിയിപ്പോ എന്തുപറഞ്ഞാലും പറഞ്ഞിലെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞാലും പോലും ആർക്കും ഒരു കുഴപ്പവുമില്ല പരാതിയുമില്ല.ഖജനാവ് കാലിയാണെങ്കിലും അല്ലെങ്കിലും കാര്യങ്ങൾ ഒക്കെ തകൃതിയായി നടക്കുന്നുമുണ്ടലോ. സിഡ്‌കോയിൽ അഴിമതി നടന്നതും കെഎസ്ആർട്ടിസി കടത്തിലായതും ഒക്കെ ഒഴിച്ചുനിർത്തിയാൽ സാമ്പത്തിക പാക്കേജ് മുതൽ വിമാനത്താവളം വരെ ഉള്ള പ്രഖ്യാപനമൊക്കെ തകൃതിയായി നടന്നിട്ടുണ്ട്, ഇനിയിപ്പോ എന്തുവേണം. എന്തിരുന്നാലും ഈ പദ്ധതിക്കുള്ള കാശൊക്കെ അൻപതിലും നൂറിലുമായിയാവും സർക്കാരിനു കൊടുക്കേണ്ടി വരിക എന്നു തോന്നുന്നു.