ഓണസദ്യ 

കറികൾ മാറി മാറി വിളമ്പിക്കൊണ്ടിരുന്നു. ഞാനും അപ്പൂപ്പനും നിലത്തു ചമ്പ്രം പടിഞ്ഞിരുന്നു. ചൂടോടു കൂടിയ കുത്തരിച്ചോറിൽ വിളമ്പിയ സാമ്പാറിന്റെ മണം അവിടെയാകെ പരന്നിരുന്നു. ഉപ്പേരിയും ശര്കരവരട്ടിയും കഴിച്ചുകൊണ്ട് അക്ഷമരായി ഇരിക്കുകയാണ്. സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെയായിരുന്നു. അമ്മ പുറത്തു കടന്നു വരമ്പിലേക്കു നോക്കിനിൽക്കുകയാണ്. “അവൻ ഇന്നു ഇനി വരുകയിണ്ടാവില്ല സൗദാമിനി, നീ വന്നു കഴിക്കാ.. ” അപ്പുപ്പൻ സസൂഷ്മം പറഞ്ഞൊപ്പിച്ചു. അമ്മ ഇതു കേട്ടതായി ഭാവിക്കാതെ ഉറച്ചുതന്നെ നിൽക്കുകയാണ്. വയസ്സാൻ കാലത്തു വായിലെ പല്ലൊക്കെ കൊഴിഞ്ഞെങ്കിലും ഓണ സദ്യ ഉണ്ണാനുള്ള ആ ചുറുചുറുക്ക് ആ മുഖത്തു ഇപ്പഴും കളിയാടിയിരുന്നു. സമയം പോയതെ അറിഞ്ഞിരുന്നില്ല. വിളമ്പിയ കറികളെല്ലാം തണുത്തു തുടങ്ങിയിരിക്കുന്നു. “നിങ്ങൾ എന്നാൽ കഴിച്ചോളു ഇനി കാത്തിരിക്കണ്ട” എന്നു പറഞ്ഞു ഒടുവിൽ അമ്മ അടുക്കളയിലേക്കു പോയി. അപ്പോഴത്തെ ആ ഇടറിയ ശബ്ദവും അമ്മയുടെ മുഖത്തെ ആ ദുഃഖവും ഞാൻ മാത്രമേ കണ്ടിരുന്നുള്ളൂ.

അവിയലും തോരനും കൂട്ടുകറിയും അങ്ങനെ പലതരം കറികളും കൂട്ടിത്തിരുമ്മി വലിയ ഉരുളയാക്കി അമ്മുമ്മ അനുജത്തി കുഞ്ഞിമാളുവിനു ഇലയിൽ വച്ചുകൊടുത്തുകൊണ്ടിരുന്നു. അവൾ വലിയ കുട്ടിയായാൽ മാത്രമേ എന്നെയും അപ്പുപ്പനെയും പോലെ ഇരുന്ന ഉണ്ണാൻ പറ്റുകയുള്ളു. എന്നിട്ടും എന്തായിരിക്കും ഒരിക്കലും അമ്മുമ്മയും അമ്മയും വലുതായിട്ടും ഞങ്ങളുടെ കൂടെ ഇരുന്നു കഴിക്കാത്തത് ?.എനിക്കറിയില്ല.

സദ്യ ഒക്കെ നല്ലപോലെ ഉണ്ട് തീർന്നപ്പോഴാണ് അമ്മ പായസവുമായി വന്നത്. അപ്പുപ്പൻ ഇലയിൽ പായസം വാങ്ങി വടിച്ചു കഴിക്കുന്നത് കണ്ടു എനിക്കു ആദ്യം അറപ്പാണ് തോന്നിയത് എങ്കിലും പിന്നീട് അതു ഒരു തമാശയായി തോന്നി. സദ്യ കഴിച്ചു പായസവും കുടിച്ചു കയ്യൊക്കെ കഴുകി ഉമ്മറപ്പടിയിൽ വന്നിരുന്നു. പുറത്തു കുറുഞ്ഞി പൂച്ച അമ്മ കൊടുത്ത ചോറും കറിയും ഒക്കെ നക്കി നക്കി കഴിക്കുകയാണ്.

അപ്പുറത്തു വീട്ടിൽ ദാമു കൂട്ടുകാരുമായി ഊഞ്ഞാലാടുകയാണ് അവന്റെ കുടവയറും കുലുക്കി ഉള്ള അവന്റെ ആട്ടം കാണാൻ വീട്ടുകാരും ചുറ്റും കൂടിനിൽക്കുന്നുണ്ട്. അവനു ദാമുവിനെ പണ്ട്‌ മുതലേ ഇഷ്ടമല്ലാത്തതുകൊണ്ട് അവൻ ഇറങ്ങി പടിക്കലേക്കു ചെന്നു ദൂരെ വരമ്പിലേക്കു നോക്കിയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടം മുടിയൊക്കെ പോയ തന്റെ അപ്പൂപ്പന്റെ മൊട്ടത്തല പോലെ ഇരിക്കുകയാണ്. നട്ടുച്ച വെയിലത്തു അതു വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അതിൽ ഒറ്റ നടുവിൽ വെട്ടിയൊതുക്കിയ വരമ്പിലൂടെ ആരോ ഒരാൾ നടന്നു വരികയാണ്. പോസ്റ്മാൻ ദിനകരൻ ചേട്ടനായിരുന്നു അത്‌. കൈയിൽ സാമാന്യം വലിയൊരു പെട്ടിയുമായി ആണ് അയാൾ നടന്നിരുന്നത്. പെട്ടിയുടെ ഭാരക്കൂടുതൽ കാരണം ഒരുവിധം വിഷമിച്ചായിരുന്നു ആ നടത്തം.

പെട്ടിയുമായി വന്നു അതു പടിപ്പുരയിൽ കേറ്റിവച്ചിട്ടു എന്നെ നോക്കി അയാൾ ഒരു കത്ത് നീട്ടി.”ഉണ്ണി നീ പെട്ടെന്നു പോയി അമ്മയ്ക്കു കൊണ്ടു കൊടുക്കുക ഈ കത്ത്” എന്നു പറഞ്ഞു എന്റെ കൈയ്കളിലേക്കു സാമാന്യം വലിയ ഒരു കത്ത് തന്നു. “ഇതൊന്നും കാണാനും കേൾക്കാനും എനിക്ക് വയ്യ കുട്ടി” എന്നുപറഞ്ഞു അയാൾ തിരിച്ചു നടന്നു. പെട്ടിയും കത്തുമായി ഞാൻ അവിടെ തനിച്ചായി. പുറത്തു ആരുടേയോ ശബ്ദം കേട്ടിട്ടാണ് അമ്മ പടിപ്പുരയിലേക്കു വന്നത്‌. ഓടിച്ചെന്നു കത്ത് അമ്മയ്ക്ക് നീട്ടിയിട്ടു ഞാൻ അയാൾ അവിടെ വെച്ച പെട്ടിയുടെ അടുത്തേക്ക് ഓടി.

നല്ല ഭംഗിയുള്ള എന്തൊ വസ്തു വച്ചു ഉണ്ടാക്കിയിരുന്നതായിരുന്നു ആ പെട്ടി. അച്ഛൻ കൊടുത്തയച്ചതാണെങ്കിൽ അതിൽ വേണ്ട സാമാനങ്ങളും കാണുമെന്നു ഉറപ്പാണ്.ഇതിനിടയിൽ പുറകിൽ നിന്നു ഒരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി.അമ്മ താഴെ വീണുകിടക്കുകയാണ്. ഓടിച്ചെന്നു അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അമ്മ ബോധമറ്റു കിടക്കുകയാണ് എന്നു മനസിലായത്.

അമ്മുമ്മയും അപ്പൂപ്പനും ഇതിനോടകം ഓടി വന്നിരുന്നു . അമ്മയുടെ കൈയിൽ നിന്നും പൊട്ടിച്ച ആ കത്ത് എനിക്ക് എങ്ങേനെയോ കിട്ടി.

അച്ഛൻ ജോലിചെയ്തിരുന്ന പട്ടാള ഡിവിഷനിൽ നിന്നും ഉള്ള കത്തായിരുന്നു അത്‌. കത്തെടുത്ത ഞാൻ ഒന്നു വായിക്കുവാൻ ശ്രമിച്ചു. വാക്കുകൾ കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങിയിട്ടുള്ളുവെങ്കിലും കത്തിലെ ചില വാക്കുകൾ എനിക്ക് കത്തിലെ ഉള്ളടക്കം എന്താണെന്ന് കാട്ടിതന്നോണ്ടിരുന്നു.ഒരോരോ വാക്കുകളും വായിച്ചു തീരുമ്പോളും വായിച്ചത് ഒക്കെ തെറ്റ് ആവണമേ എന്നു മനസ്സിൽ പറഞ്ഞോണ്ടേയിരുന്നു ഞാൻ.

അച്ഛൻ മരിച്ചിരിക്കുന്നു. അച്ഛന്റെ പട്ടാളത്തിലെ സമ്പാദ്യവും പേറി ആ പെട്ടി മാത്രം അവിടെ അവശേഷിച്ചു. വീശിയടിച്ച കാറ്റ് നിശബ്ദമായി മൂകസാക്ഷി ആവുക മാത്രമേ ചെയ്തുള്ളു. ഒരുപാടു ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ കിടന്നു പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നു. അകത്തു അമ്മയുടെ കരച്ചിൽ കേട്ടു കേട്ടു കരയാൻ വയ്യാതെ ആയിരിക്കുന്നു. മാവേലിയും ഓണവും ഒക്കെ ഇനിയും വന്നുപോയാലും അച്ഛൻ മാത്രം ഇനി വരില്ല എന്ന സത്യം മാത്രം മനസ്സിൽ അവശേഷിച്ചു. അച്ഛനായി ഒഴിച്ചിട്ട ഓണസദ്യ നോക്കി ബലികാക്കകൾ നിശബ്ദരായി ഇരുന്നു. അവർക്കും എന്തിനു ഈ മൗനം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s