സ്മാരകം

ആകാശത്താകെ നീലനിറമാണ്.. സ്‌കൂളിൽ പഠിക്കുമ്പോൾ നാം വരക്കുന്ന നീലിമയാർന്ന ആകാശം പോലെ അവ ഇപ്പൊ കാണപെടുന്നതെങ്കിലും കനത്ത ചൂടിൽ അവ സുന്ദരമായി തോന്നുകയേ ഇല്ലായിരുന്നു. കവലയിൽ തിരക്കൊഴിഞ്ഞ നേരമാണ്.

ഞാൻ  മറ്റു സുഹൃത്തുക്കളുടെ കൂടെ പട്ടണത്തിൽ സമരത്തിൽ പങ്കെടുത്തിട്ടു വന്നിരിക്കുകയിരുന്നു. അതിന്റെ ക്ഷീണത്തിൽ ചായകുടിക്കാനായി കടയിൽ കയറിയത്. നേതാവിന്റെ കാറിനു കല്ലെറിഞ്ഞ ഭരണപക്ഷത്തെ ശിങ്കടികൾക്കെതിരായാണ് ഞങ്ങൾ കോളേജും കട്ട് ചെയ്തു സമരത്തിന് ഇറങ്ങിയത്.വരാനിരിക്കുന്ന കോളേജ് ഇലക്ഷനും സമരത്തിന്റെയും കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ  ആണ്   എല്ലാവരിലും കൗതുകം ജനിപ്പിക്കുന്ന ഒരാൾ കടയിലേക്ക് ഇതിനിടയിൽ കടന്നു വന്നത്. മുഷിഞ്ഞു തുടങ്ങിയ മുണ്ട് മടക്കിയുടുത്ത അയാൾ തന്റെ സഞ്ചിയിൽ നിന്നും ഒരു  പൊതിയെടുത്തു. പൊതിതുറന്നു അതിൽ ഉണ്ടായിരുന്ന പല കൂട്ടം പലഹാരങ്ങൾ എടുത്തു പുറത്തു വെച്ചു. തീർത്തും ഭ്രാന്താണെന്ന് തോന്നിക്കും വിധമായിരുന്നു അയാളുടെ പ്രവർത്തികൾ. ഇതിനിടയിൽ അയാൾ കടയിൽ കയറി ഒരു കെട്ട് ബീഡിയും വാങ്ങിയിരുന്നു. ആ കെട്ട് ബീഡിയും ഒരു പൊതി നിറയെ പലഹാരവുമായി അയാൾ പൊള്ളുന്ന വെയിലിൽ പുറത്തിറങ്ങി റോഡ് മുറിച്ചു കടന്നു. കൗതുകം എന്നെ കീഴടക്കിയിരുന്നു. ഞാൻ എഴുന്നേറ്റ് കാശ് കൊടുത്തു സുഹൃത്തുക്കളെ അവിടെ ഇരുത്തി പുറത്തേക്കു ഇറങ്ങി അയാളെ പിൻതുടർന്നു. അയാൾ പതിയെ നടന്നു കവലയുടെ നടുക്ക് നിലകൊള്ളുന്ന ഒരു സ്മാരകത്തിലേക്കായിരുന്നു. ഏതോ ഒരു സമരത്തിൽ രക്തസാക്ഷിയായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ സ്മാരകമായിരുന്നു അത് . അവിടെ അയാൾ ഒരു നിമിഷം നിശബ്ദനായി നിലകൊണ്ടു . അതിനുശേഷം താൻ കൊണ്ടുവന്ന സാധനങ്ങൾ അതിനു കീഴെ വച്ചിട്ടു  മെല്ലെ നടന്നകന്നു, ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ. ചിലപ്പോൾ അയാൾ കാണാൻ ആഗ്രഹിക്കുന്നില്ല എന്നപോലെ. അയാളെ പിൻതുടർന്നു കൂടുതൽ ചോദിച്ചറിയാൻ തോന്നിയെങ്കിലും അയാളുടെ ആ സ്വകാര്യ നിമിഷം അയാൾക്കു പ്രിയപെട്ടതാവാം എന്നൊരു തോന്നൽ എന്റെ മനസ്സിൽ കയറി കൂടിയിരുന്നത് കൊണ്ട് ആ ശ്രമം പിൻവലിച്ചു. ഞാൻ അയാൾ വച്ചിട്ട് പോയ പൊതിക്കു ഒപ്പം ഒരു എഴുത്തു കണ്ടു. നടന്നുചെന്നു അത് എടുത്തു തുറന്നുപ്പോൾ അതിൽ ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ എഴുതിയ ചില വാക്കുകൾ മാത്രം…

“നിങ്ങൾ മരിക്കുന്നില്ല.. നിങ്ങളെ കരുവാക്കിയ ആ കഴുകന്മാർ മറന്നാലും നീ ഇന്നും  മറക്കാത്ത ഓർമയായി എന്റെ അവസാന ശ്വാസം വരെയും നിലകൊള്ളും…”

എന്നു നിങ്ങളുടെ സ്വന്തം പ്രിയപ്പെട്ട 

ഒരു അദ്ധ്യാപകൻ 

ഞാൻ ആ സ്മാരകത്തിന്റെ കീഴെ പണ്ട് ആരോ എഴുതിയിക്കുന്ന വാക്കുകൾ കൂടെ വായിച്ചിപോയതറിഞ്ഞില്ല…

“ഇവിടെ ഞങ്ങളുടെ വിദ്യാർത്ഥി രക്തസാക്ഷി ആയി ഉറങ്ങു……..”

 കൂടുതൽ വായിക്കാൻ മനസ്സനുവദിച്ചില്ല.

എനിക്ക് എല്ലാം മനസിലായിരിക്കുന്നു. എനിക്ക് ഒരു നിമിഷത്തേക്കു എന്നോട് തന്നെ വെറുപ്പും വിദ്വെഷവും തോന്നി. വാക്കുകളും ചിന്തയും മരവിച്ച ഞാൻ ആ നട്ടുച്ച വെയിലിൽ നിന്നു ഒന്നുമറിയാതെ….മറ്റൊരു ചൂട് മനസ്സിൽ എവിടേയോ കൂടി വരുന്നത് ഞാൻ അറിഞ്ഞിരുന്നു.

 

 

 

 

അത്തർ 

കാറ്റിൽ വഴിതെറ്റി വന്നൊരു അത്തറിന്റെ സുഗന്ധം അവിടെയാകെ പരന്നിരുന്നു. പച്ചപ്പു വിരിച്ച വൃക്ഷത്തിന്റെ തണലിൽ മനസിന്‌ കുളിരേകി ആ സുഗന്ധം എന്നെ കീഴടക്കി. ഉറുമ്പിൻ കൂട്ടങ്ങളെ പോലെ മുന്നിലൂടെ കടന്നു പോകുന്ന ജനങ്ങളുടെ ഇടയിൽ എവിടെയോ അവ ഒളിച്ചിരുന്നു. കാറ്റിന്റെ ദ്രുതഗതി മാറിമറഞ്ഞതും ആ നേർത്ത സുഗന്ധം പതിയെ ഇല്ലാതാവുകയാണ്. കയ്യെത്തും ദൂരത്തുനിന്നും അവ തട്ടിപ്പറിച്ചു കൊണ്ടുപോയിരിക്കുന്നു. അറിയാനുള്ള കടുത്ത ആഗ്രഹം സ്വന്തം മനസ്സിനെ കീഴടക്കിയിരിക്കുന്നു. എന്നാൽ അവ നഷ്ട്ടപെട്ടിരിക്കുന്നു, ഒരു നായയെ പോലെ മണത്തറിയാനുള്ളു എല്ലാ ശ്രമവും വെറുതെയായി. അവ ആ ആൾക്കൂട്ടത്തിനിടയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. സുപരിചിതമായ മറ്റൊരു ഗന്ധം കടന്നുവന്നിരിക്കുന്നു, ഇട്ടിട്ടു മുഷിഞ്ഞ ഷർട്ട് അലക്കാനുള്ള സമയമായി എന്നെ ഓര്മപെടുത്തലുമായി. വിയർത്തൊട്ടിയ ഷർട്ടുമായി എന്റെ അത്തറിന്റെ സുഗന്ധവുമായി ജനക്കൂട്ടത്തിലെ ഞാൻ ഇറങ്ങി നടക്കട്ടെ.

ആനന്ദ്