ഓർമയിൽ ഓണം : ചെറുകഥ

അന്നൊക്കെ മുറ്റം നിറയെ പല നിറങ്ങളിലുള്ള പൂ ചെടികൾ അമ്മ നട്ടുവളർത്തിയിരുന്നു.. ചെത്തിയും ചെമ്പരുത്തിയും റോസാപൂക്കളും വാടാരമല്ലിയും ഒക്കെ മുറ്റവും പറമ്പും നിറഞ്ഞുനിന്നിരുന്നു… അവയുടെ ലോകത്തെവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു പൂവായും തേൻ നുകരാൻ കാത്തിരിക്കുന്ന വണ്ടായും അമ്മ മാറുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.

ചിങ്ങമാസത്തിൽ പൂക്കളെപോലും അസൂയപെടുത്തി മുറ്റത്തു മൊട്ടിടുന്ന മഞ്ഞ മുക്കുറ്റിയും അമ്മയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ഉറക്കം വെടിഞ്ഞു സൂര്യകിരണങ്ങൾ തുറന്നിട്ട ജനാലകളിലൂടെ എന്നെ തട്ടിയുണർത്തുന്നതിനും എത്രയോ മുമ്പേ അമ്മ പൂക്കളത്തിനായി മുറ്റത്തു ചാണകം മെഴുകിയിട്ടിട്ടുണ്ടാവും. കുളിച്ചു പൂക്കൾ പറിക്കുവാനായി മുറ്റത്തേക്കോടുന്നതും അയലത്തെ വീട്ടിലെ പൂക്കളത്തെ അസൂയയോടെ മതിലിനപ്പുറത്തു നിന്നു നോക്കുന്നതും ഓർമ്മയുടെ മേച്ചിൽപുറങ്ങളിൽ അണയാത്ത വിളക്കായി ഇന്നും നിലനിൽക്കുന്നു.

ഇന്ന് ഞാനൊരമ്മയാണ്, മക്കളും ഭർത്താവുമായി ഒരു ചെറിയ കുടുംബം നയിക്കുന്ന കുടുംബിനി. തിരക്കിട്ട ജീവിതത്തിൽ ഒരു ഓർമപ്പെടുത്തൽ പോലെ ഓണം കടന്നുവന്നിരിക്കുന്നു. പൂക്കളില്ല പൂക്കളമില്ല, നട്ടുവളർത്താൻ മുറ്റമില്ല, അസൂയയോടെ നോക്കാൻ അപരിചിതരായ അയൽവാസിയുടെ തുറന്നിട്ട ജീവിതങ്ങൾ ഇല്ല. ഞാൻ എന്റെ ചെറുപ്പത്തിൽ കഴിഞ്ഞു കിട്ടാൻ ആഗ്രഹിച്ചിരുന്ന ഓണപ്പരീക്ഷകൾ പോലും എന്റെ മക്കൾക്കില്ല. ഓണമവധിക്കു ശേഷം ചെയ്തുതീർക്കേണ്ട പ്രൊജെക്റ്റുകളുമായി അവരവരുടെ ലോകത്തു അവർ തിരക്കിലാണ്. കട്ടിലിൽ ചിതറി കിടന്ന പുസ്തകങ്ങൾക്ക് ഇടയിൽ നിന്നും ഒരു ഒരു തുണ്ടു കടലാസുമായി അവൾ ഓടിവന്നു. അവധിക്കു ഇരുന്നു എഴുതി തീർക്കാൻ ടീച്ചർ അവൾക്കു കൊടുത്തുവിട്ട ഉപന്യാസമായിരുന്നു അതിൽ. ഇതൊന്നു എഴുതിത്തരുമോ അമ്മെ, അവൾ നിസ്സഹായായി എന്നോട് ചോദിച്ചു. ആ കടലാസു വാങ്ങി ഉപന്യാസത്തിനായുള്ള തലക്കെട്ടു വായിച്ചപോലെ എനിക്ക് ഉള്ളാലെ ചിരി വന്നു, ‘പൂക്കൾക്കിടയിൽ നിങ്ങളുടെ ഓണക്കാലം ‘. എഴുതികൊടുക്കാം എന്ന് വാക്കുകൊടുത്തു അവളെ ആശ്വസിപ്പിച്ചു പറഞ്ഞുവിടുകയല്ലാതെ എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല. പുറത്തു സൂര്യകിരണങ്ങൾ വീണ്ടുമൊരു ഓണപ്പുലരിയെ ഓർമിപ്പിച്ചുവെങ്കിലും പൂക്കളും വണ്ടുകളും കാലത്തിന്റെ വിസ്‌മൃതിയിൽ എവിടെയോ മാഞ്ഞുപോയിരിക്കുന്നു, അമ്മയെപ്പോലെ. പൂക്കളിടയിൽ വസന്തമായി, വണ്ടായി ഒളിഞ്ഞിരുന്ന അമ്മയെ ഓർത്തുകൊണ്ട് ക്കൊണ്ട് ഞാൻ ഇനി എഴുതി തുടങ്ങട്ടെ… ഒരിക്കൽകൂടി…