ഒരു രാത്രി കൂടി

മങ്ങിയ നിറമുള്ള പരുത്തി വസ്ത്രം ആ ജനാലകളെ മറച്ചിരുന്നു. അതിൽ ചുവന്ന റോസാപ്പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. ചൂട് അസഹ്യമാണ്. വായുമാർഗം കടക്കുവാൻ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. സമയം അറിയില്ല, തീർത്തും നിശബ്ദത നിറഞ്ഞു നിൽക്കുകയാണ് അവിടെയാകെ. കണ്ണുകൾ അടച്ചു ഉറങ്ങുവാൻ തോന്നി. ക്ഷീണം ശരീരത്തെ കീഴടക്കാൻ തുടങ്ങിയെങ്കിലും മനസ്സ് ഒരു ലക്ഷ്യത്തിനായി ഉണർന്നിരുന്നു. കതകിൽ ആരോ മുട്ടുന്നുണ്ട്.

‘കടന്ന് വന്നോളൂ’ അവൾ പറഞ്ഞു.

കാഴ്ച്ച മങ്ങിയിരുന്നെങ്കിലും മേശയിൽ അയാൾക്കായി വച്ചിരുന്ന ഒരു പൊതിയെടുത്ത അവൾ അയാൾക്ക്‌ നീട്ടി. പതിവുപോലെ വാങ്ങുവാൻ അയാൾ മടികാണിച്ചെങ്കിലും അവൾ അത് അയാളുടെ കൈയിൽ അമർത്തി കൊടുത്തു.

‘ഇതു കുറവാണല്ലോ ?. ഇതു കൊണ്ട് ഒന്നും ആവില്ല ‘, അയാൾ ഒറ്റനോട്ടത്തിൽ പറഞ്ഞു. ‘ബാക്കി എപ്പോൾ തരും. ഇനി സമയമില്ല. അറിയാലോ ?. പറഞ്ഞിരുന്ന അവധിയൊക്കെ കഴിയുകയാണ് നാളെ; അയാൾ തെല്ലു അരിശത്തോടെ പറഞ്ഞു നിർത്തി.

എന്തൊ ഒന്നുകൂടി പറയാൻ അയാൾ ആഗ്രഹിച്ചിരുനെങ്കിലും പറയാതെ നിശബ്ദനായി.

‘ ബാക്കി നാളെ ഞാൻ എത്തുച്ചേക്കാം. രാത്രി ഇനിയും ബാക്കിയാണ്. വരുവാൻ ഇനിയും ആൾ കാണും. ഇപ്പോൾ നിങ്ങൾ സമയം കളയാതെ പോകൂ ‘, അവൾ തെല്ലു ദേഷ്യത്തോടെ പറഞ്ഞൊപ്പിച്ചു. അവളുടെ ആത്മവിശ്വാസം അയാൾ വിശ്വസിപ്പിച്ചിരിക്കാം. അയാൾ  ഉടൻ തന്നെ മുറിവിട്ട് പുറത്തു പോയി. ഉള്ളിൽ വെറുപ്പുണ്ടെങ്കിലും അയാളെ അവൾ വിശ്വസിക്കുന്നു. കഴിഞ്ഞ പല വർഷങ്ങളായി അയാൾ അവൾക്കു വേണ്ടി ചെയ്ത സഹായം ഈ ശരീരം കൊണ്ട്  അയാൾക്കു കൊടുത്ത പ്രതിഫലത്തിലും അധികമാണ്. അമ്മ ആരെന്നു അറിയാതെ അയാൾ തന്റെ മകനെ വളർത്തി വലുതാക്കി. ഇന്ന് അവൻ തന്റെ പഠനം കഴിഞ്ഞു പുറത്തു ഇറങ്ങുകയാണ്. നാളെ അവന്റെ ഫീസിന്റെ കുടിശ്ശിക അടച്ചു തീർക്കുവാനുള്ള അവസാന തീയതിയാണ്. മാസങ്ങളായി ഈ ശരീരം വിറ്റുകിട്ടിയ കാശുകൊണ്ടാണ് അവനെ പഠിപ്പിച്ചത്, അവൻ പോലുമറിയാതെ. ഇന്നു കൂടി, ഈ ഒരു രാത്രി കൂടി മതിയാവും എല്ലാം തനിക്കു മതിയാക്കാൻ. ഓരോന്നും ആലോചിച്ചു കൊണ്ടിരുന്ന അവൾ ഒരാൾ തന്റെ മുറിയിലേക്കു കടന്നു വന്നത് അപ്പോഴാണ് അറിഞ്ഞത്. അവൾ പെട്ടെന്ന് എഴുന്നേറ്റ് കട്ടിലൊക്കെ വിരിച്ചു ശരിയാക്കി.

‘കാശ് മുമ്പേ പറഞ്ഞേക്കാം. പിന്നീട് കുറക്കാൻ പറ്റില്ല. നിങ്ങൾക്കു മനസിലായോ ?’,അവൾ ഇതിനിടയിൽ പറഞ്ഞു. അയാൾ ഇതു കേട്ടിട്ടു ഒന്നും മിണ്ടിയില്ല. അയാൾ അപ്പോഴും ഇരുട്ടിൽ നിൽക്കുകയാണ്.

അവൾക്കു ദേഷ്യം വന്നുവെങ്കിലും അതൊന്നും കാട്ടാതെ അവൾ മേശയിൽ വച്ചിരുന്ന വിളക്കെടുത്ത അയാളുടെ മുഖത്തേക്ക് തെളിയിച്ചു. സുന്ദരനായി ഒരു ചെറുപ്പക്കാരൻ അവിടെ നിന്നു കരയുകയാണ്. അവൾ ആകെ കുഴങ്ങിയിരുന്നു. അവൾക്കു ഒന്നും പിടികിട്ടിയിരുന്നില്ല. അവൾ എന്തെങ്കിലും പറയുന്നതിനും മുമ്പേ അയാൾ തന്റെ ഇടറിയ സ്വരത്തിൽ ഒരൊറ്റ വാക്കുമാത്രം അവളോട് പറഞ്ഞു…

‘അമ്മേ…. ‘

 

എഴുതി പൂർത്തീകരിക്കാത്ത ഒരു പ്രണയകഥ  

എനിക്ക് ഒത്തിരി ഇഷ്ടമാണലോ. എന്നാൽ പോയി പറഞ്ഞുകൂടേ നിനക്ക്. നിരവധി വട്ടം തിരിച്ചും മറിച്ചും ആലോചിച്ചിട്ടാണലോ നീ ഇതു തീരുമാനിച്ചേ, പിന്നെ ഇപ്പൊ എന്താ സംശയം. പേടിയാണോ നിനക്ക്. പേടിച്ചിട്ടൊന്നുമല്ല ഉത്തരം ഇല്ല എന്നാണെങ്കിൽ പിന്നെ അറിഞ്ഞിട്ടു കാര്യമില്ലലോ. ഇല്ല അങ്ങനെ പറയില്ല അത് എനിക്ക് ഉറപ്പാ. അങ്ങനെ ഒന്നും വരല്ലേ ഗീവര്ഗീസ്സ് പുണ്യാളാ, നിനക്കു മെഴുകുതിരി കത്തിക്കാമെ, എന്നെ ഒന്നു കാത്തോളണേ. 

ഉണ്ണി ഒരുനിമിഷം ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ പറയുന്നത് തെറ്റാണെന്നു തോന്നുന്നുവെങ്കിൽ ഞാൻ പറഞ്ഞതൊക്കെ നീ മറക്കണം, ക്ഷമിക്കണം. 

ശരി കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് തോന്നിയതാണ്. നിനക്ക് എന്നെ ഇഷ്ടമാണൊന്നു. എന്റെ പുറകിൽ നടക്കുന്നത് വേണ്ട എന്നു പറയുന്നില്ല പക്ഷെ നിനക്കത് ഇഷ്ടമാണെങ്കിൽ എനിക്ക് ഇഷ്ടകേടൊന്നുമില്ല… കൂടെ നടന്നാൽ കൂടുതൽ നല്ലതാകും അല്ലെ ???

ഉണ്ണി ഒന്നും പറഞ്ഞില്ലാലോ… 

ഉണ്ണി… 

പുറകിൽ നിന്നു പരിചിത ശബ്ദം 

 എടാ… കുരുത്തം കെട്ടവനെ.. ഇരുന്നു ഫോണിൽ കുത്തികൊണ്ടിരിക്കൽ നിർത്തി ഈ അടുക്കളയിൽ വന്നോന്നു എന്നെയൊന്നു സഹായിക്ക്…

എഴുതി പൂർത്തീകരിക്കാതെ പോയ ലോകത്തെമ്പാടുമുള്ള അനവധി കഥകൾക്കായി ഞാൻ സമർപ്പിക്കുന്നു… 
അപ്പു : ചെറുകഥ : ഭാഗം 1

മഴ തുള്ളികൾ തുറന്നിട്ട വാതിലിലൂടെ കടന്നുവന്നുകൊണ്ടിരുന്നു. അപ്പു പതിവില്ലാതെ ഉമ്മറപ്പടിയിൽ ചടഞ്ഞുകൂടി ഇരിക്കുന്നുണ്ട്. ഇങ്ങനെ ഒരു അവസ്ഥയിൽ അവനെ കാണാറില്ലാത്തതാണലോ. അമ്മ  അവനെ ചീത്തപറഞ്ഞു കാണും. അച്ഛനില്ലാതെ വളർന്ന കുട്ടിയല്ലേ എന്നു കരുതി ലാളിച്ചു തന്നെയാണ് അവനെ വളർത്തുന്നത്. ചെക്കൻ ചീത്തയായി എന്നാണ് അടുത്ത വീട്ടിലെ ലളിത ടീച്ചർ പറയണത്.അതിശയോക്തി കലർത്തി സംസാരിക്കാൻ ടീച്ചർ ആരേലും മിടുക്കി ആണലോ. അപ്പുവിന്റെ അമ്മ പട്ടണത്തിലെ ഒരു തുണിക്കടയിലാണ് ജോലി. സാമാന്യം ബേധപ്പെട്ട ഒരു കുടുംബം. അല്ലറചില്ലറ വേലത്തരം ഒക്കെ ഒപ്പിക്കുമെങ്കിലും അപ്പു മിടുക്കനാണ്.

മഴ പുറത്തു തിമിർത്തു പെയ്യുന്നുണ്ട്. അവധി ദിവസമായതുകൊണ്ട് പുറത്തു നിരത്തിലൊന്നും അധികം വാഹങ്ങൾ കാണുന്നില്ല. മഴവെള്ളം കെട്ടിക്കിടന്നു റോഡ് ആകെ അവശനിലയിലാണ്. റോഡ് ഏതു ഓട ഏതെന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ പല സർക്കസുകളും കാട്ടിവേണം ഒന്നു റോഡ് മുറിച്ചു കടക്കാൻ. തണുത്ത നേർത്ത കാറ്റ് ജനൽച്ചിലയിലൂടെ കടന്നു വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ഇലക്ഷന് നിന്ന ഒരു സ്ഥാനാർത്ഥിയുടെ ഫ്ളക്സ് ബോർഡ് റോഡിൽ ഓടയ്ക്കു തടസ്സമായി കിടക്കുന്നുണ്ട്. വെള്ളം ഓടയിലേക്കു പോകാതെ അവിടെ നിറഞ്ഞു നിൽക്കുകയാണ്. 

ഇതിനിടയിൽ എപ്പോഴോ അപ്പു മുറിയിലേക്കു കടന്നു വന്നിരുന്നു. അവൻ  അവിടെ ഞാൻ അലസമായി ഇട്ടിരുന്ന ചില പത്രങ്ങൾ മറച്ചുനോക്കുകയായിരുന്നു. അവന്റെ മുഖം മ്ലാനമായിരുന്നു. ഏതോ ഒരു വിദൂര ചിന്തയിലായിരുന്നു അവൻ. അലസമായി അവൻ പേജുകൾ മറച്ചുകൊണ്ടിരുന്നു. ‘അപ്പു നിന്നെക്കെന്തു പറ്റി, അമ്മ ചീത്ത പറഞ്ഞോ. എന്തോ ഒരു പന്തികേടുണ്ടാലോ ചെറുക്കാ’, ഞാൻ ചോദിച്ചു. അവൻ പക്ഷെ നിശ്ശബ്ദനായി ഇരിക്കുക മാത്രം ചെയ്തുള്ളു. തെല്ലു ഇടവിട്ടു അവൻ എന്നെ ഒന്നു നോക്കുക മാത്രം ചെയ്തു.അവന്റെ കണ്ണുകൾ എന്തൊ പറയാൻ ആഗ്രഹിക്കുനുണ്ടായിരുന്നു. ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞുതുടങ്ങി ‘ഇന്നു പതിവില്ലാതെ ഒരു കത്ത് വന്നിരുന്നു. വാങ്ങിയത് ഞാനായതു കൊണ്ട് വിലാസം ഞാൻ കാണുകയുണ്ടായി. അതു എന്റെ അച്ഛൻ എഴുതിയിരിക്കുന്നതാണ്, മരിച്ചു എന്നു അമ്മ പറഞ്ഞ എന്റെ അച്ഛൻ.കത്ത് വായിച്ച അമ്മ ആകെ ഭയന്നിരുന്നു. അമ്മയോട് പലവട്ടം ചോദിച്ചിട്ടും അമ്മയൊന്നും പറഞ്ഞുമില്ല ആ കത്ത് കത്തിച്ചും കളയുകയും ചെയ്തു’. പറയുംതോറും അവന്റെ വാക്കുകൾ ഇടറിയിരുന്നു.അവനോടു എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു. അവൻ പിന്നെയും എന്തൊക്കെയോ എന്നോട് പറയാൻ ആഗ്രഹിച്ചു, പക്ഷെ തീർത്തും നിശബ്ധനായി ഇരുന്നതേയുള്ളു. ഞാനും ഒന്നും പറഞ്ഞില്ല.മനുഷ്യ സഹജമായ വികാരങ്ങളാൽ അടിമപ്പെട്ട ഒരുവനായി മാറിയോ എന്നെനിക്കു ഇപ്പോൾ തോന്നുന്നു. പുറത്തു പെയ്യുന്ന മഴയുടെ നേർത്ത ശബ്‍ദം അവന്റെ അമര്ഷമോ അതോ വിരഹമോ.  എനിക്കറിയില്ല, എനിക്കൊന്നുമറിയില്ല.