ഒരു രാത്രി കൂടി

മങ്ങിയ നിറമുള്ള പരുത്തി വസ്ത്രം ആ ജനാലകളെ മറച്ചിരുന്നു. അതിൽ ചുവന്ന റോസാപ്പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. ചൂട് അസഹ്യമാണ്. വായുമാർഗം കടക്കുവാൻ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. സമയം അറിയില്ല, തീർത്തും നിശബ്ദത നിറഞ്ഞു നിൽക്കുകയാണ് അവിടെയാകെ. കണ്ണുകൾ അടച്ചു ഉറങ്ങുവാൻ തോന്നി. ക്ഷീണം ശരീരത്തെ കീഴടക്കാൻ തുടങ്ങിയെങ്കിലും മനസ്സ് ഒരു ലക്ഷ്യത്തിനായി ഉണർന്നിരുന്നു. കതകിൽ ആരോ മുട്ടുന്നുണ്ട്.

‘കടന്ന് വന്നോളൂ’ അവൾ പറഞ്ഞു.

കാഴ്ച്ച മങ്ങിയിരുന്നെങ്കിലും മേശയിൽ അയാൾക്കായി വച്ചിരുന്ന ഒരു പൊതിയെടുത്ത അവൾ അയാൾക്ക്‌ നീട്ടി. പതിവുപോലെ വാങ്ങുവാൻ അയാൾ മടികാണിച്ചെങ്കിലും അവൾ അത് അയാളുടെ കൈയിൽ അമർത്തി കൊടുത്തു.

‘ഇതു കുറവാണല്ലോ ?. ഇതു കൊണ്ട് ഒന്നും ആവില്ല ‘, അയാൾ ഒറ്റനോട്ടത്തിൽ പറഞ്ഞു. ‘ബാക്കി എപ്പോൾ തരും. ഇനി സമയമില്ല. അറിയാലോ ?. പറഞ്ഞിരുന്ന അവധിയൊക്കെ കഴിയുകയാണ് നാളെ; അയാൾ തെല്ലു അരിശത്തോടെ പറഞ്ഞു നിർത്തി.

എന്തൊ ഒന്നുകൂടി പറയാൻ അയാൾ ആഗ്രഹിച്ചിരുനെങ്കിലും പറയാതെ നിശബ്ദനായി.

‘ ബാക്കി നാളെ ഞാൻ എത്തുച്ചേക്കാം. രാത്രി ഇനിയും ബാക്കിയാണ്. വരുവാൻ ഇനിയും ആൾ കാണും. ഇപ്പോൾ നിങ്ങൾ സമയം കളയാതെ പോകൂ ‘, അവൾ തെല്ലു ദേഷ്യത്തോടെ പറഞ്ഞൊപ്പിച്ചു. അവളുടെ ആത്മവിശ്വാസം അയാൾ വിശ്വസിപ്പിച്ചിരിക്കാം. അയാൾ  ഉടൻ തന്നെ മുറിവിട്ട് പുറത്തു പോയി. ഉള്ളിൽ വെറുപ്പുണ്ടെങ്കിലും അയാളെ അവൾ വിശ്വസിക്കുന്നു. കഴിഞ്ഞ പല വർഷങ്ങളായി അയാൾ അവൾക്കു വേണ്ടി ചെയ്ത സഹായം ഈ ശരീരം കൊണ്ട്  അയാൾക്കു കൊടുത്ത പ്രതിഫലത്തിലും അധികമാണ്. അമ്മ ആരെന്നു അറിയാതെ അയാൾ തന്റെ മകനെ വളർത്തി വലുതാക്കി. ഇന്ന് അവൻ തന്റെ പഠനം കഴിഞ്ഞു പുറത്തു ഇറങ്ങുകയാണ്. നാളെ അവന്റെ ഫീസിന്റെ കുടിശ്ശിക അടച്ചു തീർക്കുവാനുള്ള അവസാന തീയതിയാണ്. മാസങ്ങളായി ഈ ശരീരം വിറ്റുകിട്ടിയ കാശുകൊണ്ടാണ് അവനെ പഠിപ്പിച്ചത്, അവൻ പോലുമറിയാതെ. ഇന്നു കൂടി, ഈ ഒരു രാത്രി കൂടി മതിയാവും എല്ലാം തനിക്കു മതിയാക്കാൻ. ഓരോന്നും ആലോചിച്ചു കൊണ്ടിരുന്ന അവൾ ഒരാൾ തന്റെ മുറിയിലേക്കു കടന്നു വന്നത് അപ്പോഴാണ് അറിഞ്ഞത്. അവൾ പെട്ടെന്ന് എഴുന്നേറ്റ് കട്ടിലൊക്കെ വിരിച്ചു ശരിയാക്കി.

‘കാശ് മുമ്പേ പറഞ്ഞേക്കാം. പിന്നീട് കുറക്കാൻ പറ്റില്ല. നിങ്ങൾക്കു മനസിലായോ ?’,അവൾ ഇതിനിടയിൽ പറഞ്ഞു. അയാൾ ഇതു കേട്ടിട്ടു ഒന്നും മിണ്ടിയില്ല. അയാൾ അപ്പോഴും ഇരുട്ടിൽ നിൽക്കുകയാണ്.

അവൾക്കു ദേഷ്യം വന്നുവെങ്കിലും അതൊന്നും കാട്ടാതെ അവൾ മേശയിൽ വച്ചിരുന്ന വിളക്കെടുത്ത അയാളുടെ മുഖത്തേക്ക് തെളിയിച്ചു. സുന്ദരനായി ഒരു ചെറുപ്പക്കാരൻ അവിടെ നിന്നു കരയുകയാണ്. അവൾ ആകെ കുഴങ്ങിയിരുന്നു. അവൾക്കു ഒന്നും പിടികിട്ടിയിരുന്നില്ല. അവൾ എന്തെങ്കിലും പറയുന്നതിനും മുമ്പേ അയാൾ തന്റെ ഇടറിയ സ്വരത്തിൽ ഒരൊറ്റ വാക്കുമാത്രം അവളോട് പറഞ്ഞു…

‘അമ്മേ…. ‘

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s